ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

പ്രാദേശിക ചരിത്രം

750 വര്‍ഷം മുമ്പ് കീഴ്മലൈ രാജാവിന്റെ ഭരണപ്രദേശമായിരുന്നു ഇവിടം. തുടര്‍ന്ന് തെക്കുംകൂര്‍ രാജാവിന്റെയും വടക്കുംകൂര്‍ രാജാവിന്റെയും ഭരണപ്രദേശമായിരുന്നു. വടക്കുംകൂര്‍ രാജാവ് മുസ്ളീങ്ങള്‍ക്കു വേണ്ടി പണിതതാണ് തൊടുപുഴ നൈനാര്‍ പളളി. ഇവിടത്തെ വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങളാണ് അമയപ്ര ക്ഷേത്രം, വേളൂര്‍ ക്ഷേത്രം, തട്ടക്കുഴ ക്ഷേത്രം എന്നിവ. തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാവിന്റെ അതിര്‍ത്തിയായ കോട്ടയുടെ അവശിഷ്ടങ്ങള്‍ കിടങ്ങു രൂപത്തില്‍ ഇന്നും കാണാം. കോട്ടക്കു ചുറ്റുമുളള വലിയ കനാലില്‍ മുതല, ചീങ്കണ്ണി മുതലായ ജീവികളും ഇതിന്റെ രണ്ടു കരകളിലും മുള്ളുകള്‍ നിറഞ്ഞ ഇല്ലിക്കൂട്ടങ്ങളും ഉണ്ടായിരുന്നത്രെ. വളരെ പണ്ടുകാലത്ത് ജീവിച്ചിരുന്ന ആളുകള്‍ കുഴിച്ചിട്ടതോ ഉപേക്ഷിച്ചു പോയതോ ആയ മണ്‍ചാറകള്‍ പഞ്ചായത്തിന്റെ പലപ്രദേശത്തും കാണാം. പെരിങ്ങാശ്ശേരി ഗവ. ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ എട്ടോളം മണ്‍ചാറകളുടെ വക്കുകള്‍ മണ്ണിനു മുകളില്‍ തെളിഞ്ഞു കാണാം. തട്ടക്കുഴ ഭാഗത്തുള്ള മഞ്ഞപ്പിള്ളി മലയില്‍ മുനിയറകള്‍ കാണാന്‍ സാധിക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മീനച്ചില്‍, പുറപ്പുഴ, തുടങ്ങനാട്, കൂത്താട്ടുകുളം തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് കൃഷിക്കായി കുടിയേറിയവരും ആദിവാസികളും അടങ്ങിയ ഒരു ജനവിഭാഗമാണ് ഈ പഞ്ചായത്തില്‍ അധിവസിക്കുന്നത്. വേളൂര്‍, പാട്ടയ്ക്കല്‍, തെക്കുംകര, കൈതപ്പാറ, മനയത്തടം, കുഴിമറ്റം, മണ്ണൂര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങള്‍ ഒരുകാലത്ത് നിബിഡ വനങ്ങളായിരുന്നു. ഇപ്പോള്‍ ഭൂരിഭാഗം സ്ഥലങ്ങളും തേക്കു പ്ളാന്‍റേഷനുകളാണ്. ഒരുകാലത്ത് കാട്ടാനകളെ പിടിക്കാന്‍ ഉപയോഗിച്ച ആനക്കുഴികളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

സാംസ്കാരിക ചരിത്രം

ഉടുമ്പന്നൂര്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വളരെ പണ്ടുകാലം മുതല്‍ ഊരാളി, അരയന്‍, മന്നാന്‍ വിഭാഗത്തില്‍പ്പെട്ട  ഗിരിജനങ്ങള്‍ താമസിച്ചുവരുന്നു. പണ്ട് ഇവര്‍ പല ഗോത്രങ്ങളായി താമസിച്ചിരുന്നു. ഗോത്രത്തിലെ വൈദ്യനും കേസുകള്‍ തീര്‍ക്കുന്ന കോടതിയും കൃഷിയെ കീടങ്ങളില്‍ നിന്ന് മരുന്നും മന്ത്രവും ഉപയോഗിച്ച് രക്ഷിക്കുന്നതും എല്ലാം കാണിക്കാരന്‍ഗോത്രത്തലവനാണ്. ഗോത്രങ്ങള്‍ എല്ലാം ഒരുമിച്ചാണ് കൃഷിയിറക്കിയിരുന്നത്. നെല്ല്, വാഴ, ചേമ്പ്, ചേന തുടങ്ങിയ ഹ്രസ്വകാല വിളകള്‍ മാത്രമേ ഇവര്‍ക്ക് കൃഷി ചെയ്യുവാന്‍ അവകാശമുണ്ടായിരുന്നുള്ളു. വനവര്‍ഗ്ഗക്കാരുടെ പ്രത്യേക പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനവര്‍ഗ്ഗ ചന്ദ്രക എന്ന മാസിക ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ചിറ, പാലം തുടങ്ങിയവ നിര്‍മ്മിക്കുമ്പോള്‍ ഉറപ്പിനു വേണ്ടി മനുഷ്യ കുരുതികള്‍ നടത്തിയിരുന്നു. തീണ്ടല്‍, തൊടീല്‍ വ്യവസ്ഥകള്‍ നിലവില്‍ ഉണ്ടായിരുന്നു. ചില മേല്‍ജാതിക്കാര്‍ പണിയാളര്‍ക്ക് നിലത്ത് കുഴി കുഴിച്ച് ആ കുഴിയിലാണ് ഭക്ഷണം നല്‍കിയിരുന്നത്. ചാലിപ്ളാക്കല്‍ മത്തച്ചന്‍, കെ.വി.പൌലോസ് കൊന്നാനാല്‍, മൂലമ്പുഴ കൃഷ്ണന്‍കുട്ടി, മനോരമ കുഞ്ഞൌത (പുത്തന്‍പുരയില്‍ കുഞ്ഞൌത), കുര്യാക്കോസ് മാരാംകണ്ടത്തില്‍, ചെല്ലപ്പന്‍ ആചാരി, ആന്‍റണി തെരുവത്ത് ഇവര്‍ താമ്രപത്രം നല്‍കി ആദരിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളാണ്. ഇവരെ കൂടാതെ വേറെയും ധാരാളം സ്വാതന്ത്ര്യസമര സേനാനികള്‍  ഈ പഞ്ചായത്തില്‍ ഉണ്ട്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ആദ്യ ബിരുദധാരിണി സൈനബ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തട്ടക്കുഴ രവി, മുണ്ടക്കയം സദാശിവന്‍, സ്പോര്‍ട്സ് രംഗത്ത് (പഞ്ചഗുസ്തി) ലോകചാംപ്യന്‍ പദവി നേടിയിട്ടുള്ള പി.കെ.ജാഫര്‍ എന്നിവര്‍ ഉടുമ്പന്നൂരിന്റെ കലാ-കായിക-സാംസ്കാരികരംഗത്ത് തിളങ്ങി നില്‍ക്കുന്നവരാണ്.

സാമൂഹ്യ ചരിത്രം

കോട്ടയത്തുള്ള പാലനാമ്പടം പാര്‍ട്ടി, ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് തറവിലയും മരവിലയും പഞ്ചസാരയും കാഴ്ച നല്‍കി രണ്ടായിരം ഏക്കര്‍ ഭൂമി പതിച്ചെടുത്തു. മലയടിവാരത്തു നിന്ന് തടി കയറ്റുന്നതിന് ഒരു എന്‍ജിന്‍ കുന്നിനു മുകളില്‍ സ്ഥാപിച്ചിരുന്നു. ഈ സ്ഥലം ഇപ്പോഴും എന്‍ജിന്‍കുന്ന് എന്നറിയപ്പെടുന്നു. ഈ പ്രദേശത്തെ റബ്ബര്‍ തോട്ടം ഇന്നറിയപ്പെടുന്നത് ശ്രീമൂലമംഗലം എസ്റ്റേറ്റ് എന്നാണ്. 100 കൊല്ലം മുമ്പ് ഇതിന് 90 ഏക്കര്‍ സ്ഥലത്ത് റബ്ബര്‍ പ്ളാന്റു ചെയ്തു. പിന്നെ ഇതില്‍ 1500 ഏക്കര്‍ സ്ഥലം എ.വി.തോമസ് ആന്‍ഡ് കമ്പനിക്ക് വിട്ടുകൊടുത്തു. പാലാമ്പടം പാര്‍ട്ടി കരിമ്പു കൃഷിക്കു വേണ്ടി പതിച്ചു വാങ്ങിയതു മുതല്‍ ഈ കമ്പനി പഞ്ചസാര കമ്പനി എന്ന പേരില്‍ അറിയപ്പെടുന്നു. എന്‍ജിന്‍കുന്നിനു സമീപം ഒരു കാലത്ത് ഗ്രാഫൈറ്റ് ഖനനം നടത്തിയിരുന്നു. കരി ഉപയോഗിച്ച് ഓടിക്കൊണ്ടിരുന്ന വണ്ടിയാണ് ഈ പഞ്ചായത്തില്‍ ആദ്യം വന്നത്. പിന്നീട് സ്വരാജ് മോട്ടോര്‍ സര്‍വ്വീസ് ഉടുമ്പന്നൂര്‍-കോട്ടയം സര്‍വീസ് നടത്തിവന്നു. ഉടുമ്പന്നൂര്‍ മുതല്‍ പാലാ വരെയുള്ള വണ്ടിക്കൂലി ഒരു രൂപയായിരുന്നു. ഒരാളുടെ അന്നത്തെ ദിവസക്കൂലി നാലണ (16 അണ = ഒരു രൂപ). എട്ടു മണി മുതല്‍ ആറു മണിവരെയാണ് അന്നത്തെ ജോലി സമയം. മലമ്പനി മൂലം ആളുകള്‍ മരിച്ചിരുന്നു. ഒന്നര ചക്രത്തിന് ചായയും വയറു നിറച്ച് ഭക്ഷണവും കിട്ടുമായിരുന്നു. (1 3/4  ചക്രം = ഒരണ; 16 അണ = ഒരു രൂപ; 28 ചക്രം = ഒരു രൂപ; 28 1/2 ചക്രം = ഒരു ബ്രിട്ടീഷ് രൂപ) 1930 കാലഘട്ടത്തില്‍ ചെപ്പുകുളം ഭാഗത്ത് ഒരേക്കര്‍ ഭൂമിക്ക് 50 രൂപ, സ്വര്‍ണ്ണം പവന് 32 രൂപ. തേങ്ങ നൂറെണ്ണത്തിന് 17.50 പൈസ. ഒരാള്‍ക്ക് കൂലി 2 1/2 ചക്രം. ആശാരിക്ക് നാല് ചക്രം. പ്രമാണിക്ക് ഏഴ് ചക്രം. അദ്ധ്യാപകന് മാസ ശമ്പളം 27 രൂപ. അന്ന് പട്ടിണി വളരെ കൂടുതലായിരുന്നു. സദ്യയ്ക്കും മറ്റും വിളിക്കാതെ വരുന്നവരെ “പുറവര്‍” എന്നു വിളിച്ചിരുന്നു. ഒരു ഇടത്തരം സദ്യയ്ക്ക് 100-ഓളം പുറവര്‍ ഉണ്ടാവും. 1969-70 വര്‍ഷത്തിലാണ് ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ വൈദ്യുതി എത്തിയത്.

വികസന ചരിത്രം

ഇവിടുത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1932-ലാണ് ആരംഭിച്ചത്. അതിനു മുമ്പ് പരത്തിപ്പിള്ളിയില്‍ വര്‍ക്കി ആശാന്‍ മങ്കുഴിയില്‍ നടത്തിയിരുന്ന നിലത്തെഴുത്തു കളരിയായിരുന്നു പ്രധാന പഠനകേന്ദ്രം. പാറക്കവല സ്കൂള്‍ എന്നറിയപ്പെടുന്ന സെന്റ് ജോസഫ് എല്‍.പി.സ്കൂളാണ് ആദ്യത്തെ വിദ്യാലയം. കൊല്ലവര്‍ഷം 1110-ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1964-ല്‍ തട്ടക്കുഴിയില്‍ ഹൈസ്കൂള്‍ ആരംഭിക്കുന്നതു വരെ ഈ പഞ്ചായത്തിലെ കുട്ടികള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു വേണ്ടി കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂളിലാണ് പോയിരുന്നത്. കരിമണ്ണൂരില്‍ ഹൈസ്കൂള്‍ ആരംഭിച്ചത് 1949-50-ല്‍ ആണ്. അതിനു മുമ്പ് തൊടുപുഴ ഗവ. ഹൈസ്കൂളായിരുന്നു ആശ്രയം. 1991-ല്‍ മാത്രമാണ് അലോപ്പതി രംഗത്ത് തട്ടക്കുഴയില്‍ ഒരു ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചത്. അതുവരെ ചെപ്പുകുളം, ചീനിക്കുഴി എന്നീ രണ്ട് കുടുംബക്ഷേമ ഉപകേന്ദ്രങ്ങളും ഒരു ആയുര്‍വ്വേദ ആശുപത്രിയും ചെറിയ രീതിയിലുള്ള ആയുര്‍വ്വേദ പാരമ്പര്യ ചികിത്സകരും മാത്രമാണുണ്ടായിരുന്നത്. വിഷ ചികിത്സാരംഗത്ത് ആറ്റുപുറത്ത് ഖാദര്‍പിള്ള എന്ന വൈദ്യര്‍  പഞ്ചായത്തിന്  സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയിരുന്നത്. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് തൊടുപുഴയില്‍ നിന്നും വരുന്നു. സ്റ്റേറ്റ് ഹൈവേ നമ്പര്‍ 8-(പുനലൂര്‍-മൂവാറ്റുപുഴ)-ല്‍ നിന്നും വരുന്ന ഈ റോഡ് കരിമണ്ണൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ച് രണ്ടായിത്തിരിഞ്ഞ് ഒന്ന് പന്നൂര്‍ വഴി ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ പ്രവേശിച്ച് തട്ടക്കുഴ കൂടി ചെപ്പുകുളത്ത് എത്തുന്നു.