ഉടുമ്പന്നൂർ - സാമൂഹിക, സാംസ്‌കാരിക ചരിത്രം
May 29, 2026
സമ്പന്നമായ സാമൂഹിക, സാംസ്‌കാരിക, ചരിത്ര പശ്ചാത്തലമുള്ള പ്രദേശമാണ് ഉടുമ്പന്നൂര്‍. ഏഴര നൂറ്റാണ്ടിനപ്പുറം കീഴ്മലൈ രാജാവ് ഈ പ്രദേശം ഭരിച്ചിരുന്നു. പിന്നീട് തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാക്കന്മാര്‍ മാറി മാറി ഈ പ്രദേശത്തിന്റെ ഭരണകര്‍ത്താക്കളായി. തെക്കുംകൂര്‍, വടക്കുംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തിയായി നിര്‍ണ്ണയിച്ചിരുന്ന 'കോട്ട'(കിടങ്ങ്) യുടെ ഭാഗങ്ങള്‍ ഇപ്പോഴും കാണാം. കോട്ടയുടെ സമീപത്തുകൂടി പണിതിരിക്കുന്ന കോടിക്കുളം കരിമണ്ണൂര്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 'സ്റ്റേറ്റ് ഹൈവേക്ക്' കോട്ടറോഡ് എന്നു പേരു വന്നത് ഇക്കാരണത്താലാണ്.
ഉടുമ്പന്നൂര്‍ പ്രദേശത്ത് ജനവാസം തുടങ്ങിയത് എന്ന് മുതലാണെന്ന് കൃത്യമായി പറയാന്‍ കഴിയുകയില്ല. പെരിങ്ങാശ്ശേരി ഭാഗത്ത് കാണുന്ന മണ്‍പാറകളും, മഞ്ഞപ്പിള്ളി മലയുടെ ഭാഗത്ത് കണ്ടെത്തിയിട്ടുള്ള മുനിയറകളുടെ ഭാഗങ്ങളും ശാസ്ത്രീയ പഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ കൃത്യമായ ധാരണയുണ്ടാകൂ. ഈ പ്രദേശത്തെ ആദിമ നിവാസികളും, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മീനച്ചില്‍, പുറപ്പുഴ, തുടങ്ങനാട്, കൂത്താട്ടുകുളം ഭാഗത്തുനിന്നും കൃഷിക്കായി കുടിയേറിയവരും ചേര്‍ന്ന ജനവിഭാഗമാണ് ഇവിടെയുള്ളത്.
കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തേക്ക് കുടിയേറ്റമുണ്ടായി തുടങ്ങിയത്. ഉപജീവനത്തിനായി കുടിയേറിയവരെ കൂടാതെ വന്‍കിടക്കാരും ഈ പ്രദേശം സ്വന്തമാക്കിയിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് മരവിലയും, തറവിലയും നല്‍കി കോട്ടയത്തുള്ള പാലമ്പടം പാര്‍ട്ടി രണ്ടായിരം ഏക്കര്‍ ഭൂമി പതിച്ചുവാങ്ങി, സര്‍ സി.വി. യുടെ ഭരണകാലത്ത് മഞ്ഞപ്പിള്ളി രാമകൃഷ്ണപിള്ള 95 ഏക്കര്‍ സ്ഥലം പതിച്ചുവാങ്ങി. ശ്രീകൃഷ്ണവിലാസം എസ്റ്റേറ്റ് സ്ഥാപിച്ചു. കാരിക്കോട് പ്രദേശത്ത് താമസിച്ചിരുന്ന വടക്കയില്‍ പരീത് എന്നയാള്‍ക്ക് അഞ്ഞൂറ് ഏക്കറിലധികം സ്ഥലം ഉണ്ടായിരുന്നു. കുടല്‍മാണിക്യം ദേവസ്വത്തിന് ഇരുന്നൂറ് ഏക്കറോളം ഭൂമി ഉണ്ടായിരുന്നു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ഉണ്ടായ ഭൂപരിഷ്‌കരണ നിയമത്തിന്റേയും കാര്‍ഷിക ഭൂസമരങ്ങളുടേയും ഭാഗമായി നൂറു കണക്കിന് കൃഷിക്കാര്‍ക്ക് ഭൂമി പതിച്ചുകിട്ടി.
വേളൂര്‍, പാട്ടക്കല്‍, തെക്കുംകര, കൈതപ്പാറ, മനയത്തടം, കുഴിയാമറ്റം, മണ്ണുക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ ഒരുകാലത്ത് നിബിഡ വനങ്ങളായിരുന്നു. പിന്നീട് ഈ പ്രദേശങ്ങളില്‍ പലയിടവും തേക്ക് പ്ലാന്റേഷനുകളായി മാറി.
കാര്‍ഷിക പ്രാധാന്യമുള്ള ഈ നാട് നിരവധി പ്രകൃതി ക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 1099-ല്‍ (98 വര്‍ഷം മുമ്പ്) വലിയ വെള്ളപ്പൊക്കം ഉണ്ടായി. കൊല്ലവര്‍ഷം 1125-ല്‍ (72 വര്‍ഷം മുമ്പ്) വെള്ളാന്താനം, മറക്കൊമ്പ് മല എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി 11 ആളുകള്‍ മരിച്ചു. 2001-ല്‍ വെള്ളിയാനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് പേര്‍ മരണമടഞ്ഞു. വലിയതോതില്‍ നാശനഷ്ടമുണ്ടായി. ചേലകാട് മലയിഞ്ചി മേഖലകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക കൃഷിനാശമുണ്ടാകുകയും ഒരാള്‍ മരണപ്പെടുകയുമുണ്ടായി. 2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കൃഷി നാശം ഉണ്ടാകുകയും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പുനരിധിവാസ പാക്കേജില്‍ പെടുത്തി 71 കുടുംബങ്ങളെ 10 ലക്ഷം രൂപ വീതം നല്‍കി മാറ്റി പാര്‍പ്പിച്ചു.
പ്രതികൂലമായ കാലാവസ്ഥയേയും, പ്രകൃതിക്ഷോഭങ്ങളേയും ഭയന്ന് ഉടുമ്പന്നൂര്‍ പഞ്ചായത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ തൊടുപുഴ താലൂക്കിന്റെ വിവിധ മേഖലയിലേക്ക് മാറിപ്പോകുന്ന സ്ഥിതിയാണിപ്പോഴുള്ളത്.